ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകുന്ന ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 21-നാണ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
അജിത്ത്, ഉണ്ണി എന്ന രണ്ട് അയൽക്കാരുടെ സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഫീൽ ഗുഡ് ഫാമിലി എൻ്റർടൈനറാണ് ചിത്രമെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. സുരാജ്- ബിജു മേനോൻ കോമ്പോ കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
ടൊവിനോ നായകനായെത്തിയ ‘മറഡോണ’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം അനൂപ് കണ്ണനാണ് നിർമിക്കുന്നത്. കലി, ജിന്ന് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിജു മേനോൻ പ്രധാനവേഷത്തിലെത്തി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് തലവൻ. ആസിഫ് അലി- ബിജു മേനോൻ കോംമ്പോയുടെ തകർപ്പൻ പ്രകടനമായിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം നേടി ബോക്സോഫീസിലും തലവൻ തരംഗമാണ്.