പ്രഭാസ് വ്യത്യസ്ത വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കൽക്കി 2898 എഡി’യുടെ പ്രമോ വീഡിയോ പുറത്തിറങ്ങി. ‘ഭൈരവ ആന്തം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രമോയാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പഞ്ചാബി ഗായകനായ ദിൽജിത് ദോസഞ്ചാണ് ഗാനം ആലപിക്കുന്നത്.
പ്രഭാസും ദിൽജിതും കൈകോർത്ത് നിൽക്കുന്നത് പ്രമോ വീഡിയോയിൽ കാണാം. നാളെയാണ് ഗാനം റിലീസ് ചെയ്യുന്നതെന്നാണ് വിവരം. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27-നാണ് തിയേറ്ററുകളിലെത്തുന്നത്. റിലീസ് തീയതി അടുക്കുമ്പോൾ ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദീപിക പദുകോണാണ് കൽക്കിയിലെ നായിക. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ കമൽഹാസൻ, ദിഷാ പഠാനി, തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.