ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) നടത്തുന്ന പ്രിലിമിനറി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായഹസ്തവുമായി ഡൽഹി മെട്രോ. യുപിഎസ്സി പരീക്ഷ കണക്കിലെടുത്ത് എട്ട് മണിയ്ക്ക് തുടങ്ങേണ്ട സർവീസ് അതിരാവിലെ ആറ് മണിയ്ക്ക് ആരംഭിച്ചു. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സർവീസ് നേരത്തെ തുടങ്ങിയതെന്ന് മെട്രോ അറിയിച്ചു.
വിവരമറിഞ്ഞ് ഉദ്യോഗാർത്ഥികൾ ആറ് മണിയ്ക്ക് തന്നെ സ്റ്റേഷനിലെത്തിയിരുന്നു. — കൃത്യ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ ഡൽഹി മെട്രോയുടെ നടപടി വളരെയധികം സഹായിക്കുന്നതാണെന്ന് സ്റ്റേഷനിലെത്തിയ ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. ഡൽഹി ഒഴികെയുള്ള സർവീസുകൾ സാധാരണ സമയക്രമത്തിൽ സർവീസ് നടത്തുമെന്നും മെട്രോ അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായാണ് യുപിഎസ്സി പ്രിലിമിനറി പരീക്ഷ നടക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നിവയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി, മെയിൻ, ഇൻ്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.