ലക്നൗ: ഗംഗാ ദസറയോടനുബന്ധിച്ച് ഗംഗാനദിയിൽ പുണ്യ സ്നാനം ചെയ്ത് ഭക്തർ. പതിനായിരക്കണത്തിന് ഭക്തരാണ് സ്നാനം ചെയ്യുന്നതിനായി ഗംഗാനദീ തീരത്തെത്തിയത്. ഗംഗാദേവിയെ പൂജിക്കുന്ന ഈ പുണ്യതിഥിയിൽ ഹരിദ്വാറിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ദൃശ്യമാകുന്നത്.
ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ഭക്തർ ഗംഗാ ദസറ ആഘോഷിക്കുകയാണ്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഇന്നാണ് തുടക്കമായത്. അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തർ സരയൂഘട്ടിൽ പുണ്യസ്നാനം നടത്തി. പ്രയാഗ് രാജിലും ത്രിവേണി ഘട്ടിലും ഭക്തർ സ്നാനം ചെയ്തു.
ഈ ദിവസം ഗംഗാനദിയിൽ സ്നാനം ചെയ്യുന്നതിലൂടെ പാപങ്ങളിൽ നിന്നും മുക്തി നേടുമെന്നണ് ഭക്തരുടെ വിശ്വാസം. ഗംഗയിൽ മുങ്ങി നിവർന്ന് സൂര്യനമസ്കാരം ചെയ്യുകയും ഗംഗയിലെ പുണ്യജലം അർച്ചനയായി അർപ്പിച്ച് ധ്യാനിക്കുകയുമാണ് ഭക്തർ ചെയ്യുന്നത്.