കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിക്ക് അന്ത്യോപചാരമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീഹരിയുടെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്.
ജോലിയിൽ പ്രവേശിച്ച് അഞ്ചാം ദിനമാണ് അഗ്നിബാധ ശ്രീഹരിയുടെ ജീവനെടുത്തത്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ ശ്രീഹരി ഈ മാസം എട്ടിനാണ് കുവൈത്തിലെ എൻബിടിസി സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചത്. പിതാവ് പ്രദീപ് ഇതേ കമ്പനിയിലെ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ്. ഇരുവരും അടുത്തടുത്ത ഫ്ലാറ്റിലായിരുന്നു താമസം.
തീപിടിത്തമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അച്ഛൻ മകനം ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നാലെയാണ് മകൻ മരിച്ച വിവരം അറിയുന്നത്. തുടർന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.