അപുലിയ: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി മോദിയുമായി ഇറ്റലിയിലെ ജി 7 ഉച്ചകോടിയിലെ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രൂഡോ.
ഇരുരാജ്യങ്ങളും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച ട്രൂഡോ എന്നാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി. മോദിയിൽ നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ട്രൂഡോയുടെ മറുപടി. ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കേണ്ട ഒരുപാട് വിഷയങ്ങൾ ഉണ്ടെന്നും അത്തരം കാര്യങ്ങളിൽ അങ്ങനെയുണ്ടാകുമെന്നും ട്രൂഡോ പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് താവളമൊരുക്കുകയും ചെയ്യുന്ന കാനഡയുടെ സമീപനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച് ഖലിസ്ഥാൻ ഭീകരവാദിയായ ഹർദീപ്‌സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്ക് മേൽ കാനഡ ആരോപണമുന്നയിച്ചിരുന്നു.
2020 ൽ എൻഐഎ ഹർദീപ്‌സിംഗ് നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സുറെയിൽ ഗുരുദ്വാരയ്‌ക്ക് പുറത്ത് വെച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് നിജ്ജാർ കൊല്ലപ്പെട്ടത്. എന്നാൽ ആരോപണം ഉന്നയിച്ച കാനഡ കാര്യമായ തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ല.