കൊല്ലം: തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.
ഇന്നലെയാണ് പൊറോട്ടയും ചക്കയും ചേർത്ത തീറ്റ ഹസ്ബുള്ള പശുക്കൾക്ക് നൽകിയത്. വൈകിട്ടോടെ പശുക്കൾ തീറ്റയെടുക്കാതാവുകയും അവശനിലയിൽ കാണപ്പെടുകയുമായിരുന്നു. പിന്നാലെ ഓരോ പശുക്കളായി ചത്തു. ഇതോടെ ഇയാൾ മൃഗഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ അമിതമായി പൊറോട്ട നൽകിയതാണ് മരണകാരണമെന്ന് കണ്ടെത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റെസ്പോൺസ് ടീം അവശനിലയിലുള്ള മറ്റ് പശുക്കൾക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പശുക്കളുടെ തീറ്റയെ കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച ശേഷം മന്ത്രി ചിഞ്ചുറാണി പറഞ്ഞു.