തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വൻ നിക്ഷേപം ആകർഷിച്ചെന്ന വ്യാജ പ്രചരണവുമായി പിണറായി സർക്കാർ. കേന്ദ്ര സർക്കാർ അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോർട്ടാണ് കള്ളം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കേരളം 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ ആകർഷിച്ചുവെന്നാണ് അവകാശവാദം. ഇതിൽ 33,815 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തിയായെന്നും 5 ലക്ഷം തൊഴിൽ സൃഷ്ടിച്ചു എന്നൊക്കെയാണ് പ്രചാരണം.
എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും കോൺഫെഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആൻഡ് മാർക്കറ്റിംഗ് ഏജൻസിയും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടാണ് മാദ്ധ്യമങ്ങൾ വഴി കൊട്ടിഘോഷിക്കുന്നത്.
കേന്ദ്ര വാണിജ്യമന്ത്രാലയം 2020ൽ അനുമതി നിഷേധിച്ച സംഘടനയാണ് എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയതിനെ തുടർന്നായിരുന്നു നടപടി.
2021-22 സാമ്പത്തിക വർഷത്തിൽ കേരളം 17.3% വ്യാവസായിക വളർച്ചാ നിരക്ക് നേടിയെന്നാണ് അവകാശവാദം. എന്നാൽ ആരംഭിച്ച സംരംഭങ്ങളുടെ കണക്ക് ചോദിച്ചാൽ സർക്കാരിന് ഉത്തരം മുട്ടും. കഴിഞ്ഞ വർഷങ്ങളിൽ തൊഴിൽ തേടി സംസ്ഥാനം വിട്ടു പോകുന്നവുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തൊഴില്ലായ്മ നിരക്കാണെങ്കിൽ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.