ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്നും അപൂർവ്വ പഞ്ചലോഹ വിഗ്രഹങ്ങളും നിധിശേഖരവും കണ്ടെത്തി. പാപനാശത്തിനടുത്തുള്ള കോലിരായൻപേട്ട ഗ്രാമത്തിൽ നിന്നാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. മുഹമ്മദ് ഫൈസൽ എന്ന വ്യക്തിയുടെ പുരയിടത്തിൽ വീടിന്റെ അടിത്തറ നിർമാണത്തിനായി മണ്ണ് മാറ്റിയപ്പോഴാണ് വിഗ്രഹം. തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന്
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥർ എത്തിയാണ് പുരാവസ്തു ശേഖരം ഖനനം ചെയ്ത് പുറത്തെടുത്തത്.
ചോള കാലഘട്ടത്തിലെ ആരാധനയ്‌ക്ക് ഉപയോഗിച്ചിരുന്നവയാണ് വിഗ്രഹങ്ങൾ പ്രധാനമായും ലഭിച്ചത്. ഹിന്ദു പുരാണങ്ങളിലെ സോമസ്‌കന്ദർ, ചന്ദ്രശേഖരർ, തിരുജ്ഞാനസംബന്ധർ തുടങ്ങിയ മൂർത്തികളുടെ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിളക്കുകൾ, ട്രേകൾ, മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പീഠങ്ങൾ എന്നിവയും ലഭിച്ചു.
അത്യപൂർവ്വമായ കണ്ടെത്തലാണ് ഇതെന്നും ലഭിച്ച വസ്തുക്കളുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ലെന്നും, ഖനനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. കലയിലും വാസ്തുവിദ്യയിലും മികച്ച സംഭാവനകൾ നൽകിയ ചോള രാജവംശത്തിന്റെ ആചാരങ്ങളിലേക്ക് വെളിച്ചം വീശാൻ ഇവയ്‌ക്ക് സാധിക്കുെമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ചരിത്ര അവശേഷിപ്പുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കോലിരായൻപേട്ട ഗ്രാമത്തിലെ എഎസ്ഐ ഖനനം തുടരുകയാണ്.
ഇതിന് മുമ്പും തഞ്ചാവൂരിൽ നിന്ന് ചോളകാലത്തെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. 2017 ൽ, പട്ടുകോട്ടയ്‌ക്ക് സമീപത്ത് നിന്ന് പഞ്ചലോഹത്തിൽ നിർമിച്ച 14 പുരാതന വിഗ്രഹങ്ങളും 7 പീഠങ്ങളും ലഭിച്ചു. അതുപോലെ, 2021 ൽ പെരമ്പല്ലൂർ ജില്ലയിൽ ഒരു കർഷകന്റെ പുരയിടത്തിൽ നിന്ന് ആറ് മൂർത്തി വിഗ്രഹങ്ങൾ കണ്ടെടുത്തിരുന്നു. .
.