വമ്പൻ താരനിര ഒന്നാകെ അണിനിരക്കുന്ന കൽക്കി 2898 എഡിയിലെ ആദ്യ ഗാനമെത്തി. പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ച് ആലപിച്ച ഗാനം ഇതിനകം ട്രെൻഡിക് ലിസ്റ്റിൽ ഇടംപിടിച്ചു. ഒരു കോടിയോളം പേരാണ് വീഡിയോ ഗാനം ഇതുവരെ കണ്ടത്. ആക്ഷൻ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഭൈരവ ഗാനം’ എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തത്.
ഗാനത്തിന്റെ ഷോർട്ട് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദിൽജിത് ദോസഞ്ച് ഒരുക്കുന്ന ഗാനത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറും അനശ്വരനായ അശ്വത്ഥാമാവായി നിൽക്കുന്ന അമിതാഭ് ബച്ചന്റെ കാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. മഹാഭാരത കാലത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. സി അശ്വനി ദത്താണ് ചിത്രത്തിന്റെ നിർമാതാവ്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് കൽക്കിയുടെ നിർമാണം.