ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2-ന്റെ റിലീസ് തീയതി മാറ്റി. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രം ആഗസ്റ്റ് 15-ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. ഡിസംബർ ആറിനാണ് പുഷ്പ-2 തിയേറ്ററുകളിലെത്തുന്നത്. എന്നാൽ ഡിസംബർ ആറിലേക്ക് റിലീസ് മാറ്റിയെന്ന് അല്ലു അർജ്ജുൻ വ്യക്തമാക്കി.
ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നില്ല എന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ റിലീസ് തീയതി മാറ്റുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ തീയതിയെ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.
ഡിസംബർ 17-നാണ് പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. അതേ മാസം തന്നെയാണ് പുഷ്പ-2 ഉം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ഒരു ടീസറും രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
സുകുമാര്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സാണ്. പുഷ്പയുടെ ആദ്യ ഭാഗത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലുവിനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ 2 ഇറങ്ങുമ്പോൾ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.