കടലാസിലെ കരുത്തൊന്നും കളത്തിൽ വിലപ്പോവില്ലെന്ന് ബെൽജിയത്തിന് സ്ലാെവാക്യ കാട്ടിക്കൊടുത്ത മത്സരത്തിൽ ലോക മൂന്നാം നമ്പറുകാർക്ക് ഒരു ഗോൾ തോൽവി. ഏഴാം മിനിട്ടിൽ ഇവാൻ ഷ്രാൻസാണ് വിജയ ഗോൾ നേടിയത്. രണ്ടുതവണ വാറും നിരവധി തവണ ലുക്കാക്കുവും ബെൽജിയത്തിന്റെ ഗോളവസരങ്ങൾ തട്ടിയകറ്റി. സ്ലൊവാക്യൻ പ്രതിരോധത്തിന്റെ ആഴം വ്യക്തമാക്കുന്ന മത്സരമായിരുന്നു ഇത്.
മൂന്നാം മിനിട്ടിൽ തന്നെ സുവർണാവസരം നഷ്ടപ്പെടുത്തിയാണ് ബെൽജിയം തുടങ്ങിയത്. ഡോക്കുവിന്റെ അത്യുഗ്രൻ പാസ് കെവിന്‍ ഡി ബ്രുയ്ന്‍ ലുക്കാക്കുവിന് തളികയിലെന്ന പോലെ നൽകിയെങ്കിലും താരം ഇത് നഷ്ടപ്പെടുത്തുകയായിരുന്നു. മൂന്ന് മിനിട്ടിനുള്ളിൽ മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും സ്ലെവാക്യ പ്രതിരോധം ഇത് ഇല്ലാതാക്കി.
ഇതിന് തിരിച്ചടി കിട്ടിയത് ഏഴാം മിനിട്ടിലായിരുന്നു. ബെല്‍ജിയന്‍ ഗോളി കാസ്റ്റീല്‍സ് തട്ടിയകറ്റിയ റീബൗണ്ട് പന്താണ് ഷ്രാൻസി ഗോളാക്കിയത്. ഒനാനയും ലുക്കാക്കുവും ഡോക്കുവും അവസരം പാഴാക്കാൻ മത്സരിച്ചപ്പോൾ വാറും ബെൽജിയത്തിന് വെല്ലുവിളി തീർത്തു. കളി അവസാനിക്കാൻ നാലു മിനിട്ടുള്ളപ്പോഴാണ് വാർ രണ്ടാമതും വില്ലനായത്. ഒപെന്‍ഡയുടെ കൈയിൽ തട്ടിയ പന്താണ് ലുക്കാക്കു വലയിലാക്കിയത് പരിശോധനയ്‌ക്കൊടുവിൽ ഗോൾ നിഷേധിക്കുകയായിരുന്നു. ബെൽജിയത്തിന് വേണ്ടി ആറു പ്രധാന ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന പുരുഷ താരങ്ങളായി ലുക്കാക്കുവും ഡിബ്രൂയ്നയും.