വാഷിംഗ്ടൺ: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ വധശ്രമക്കസിൽ കുറ്റം നിഷേധിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത. യുഎസിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കുറ്റം നിഷേധിച്ചത്.
രണ്ട് രാജ്യങ്ങൾക്കും സങ്കീർണത സൃഷ്ടിക്കുന്ന വിഷയമാണിതെന്ന് നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ ഷാബ്രോവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഗുണകരമല്ല. ആക്രമണത്തിന്റെ പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും, ഇത് അന്വേഷണത്തെ പുതിയ ദിശയിലേക്ക് നയിച്ചേക്കാമെന്നും ഷാബ്രോ കൂട്ടിച്ചേർത്തു. ഗുപ്ത നിരപരാധിയാണെന്നും അന്യായമായി കുറ്റം ചുമത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
പന്നൂനിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ വഴി പദ്ധതിയിട്ടെന്നാണ് യുഎസിന്റെ ആരോപണം. പന്നൂനെ കൊല്ലാൻ നിഖിൽ ഗുപ്ത വാടക കൊലയാളിയെ നിയമിച്ചതായും ഇയാൾക്ക് 15,000 ഡോളർ അഡ്വാൻസ് നൽകിയതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ആരോപണം നിരസിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം ചെക്ക് റിപ്പബ്ലിക്കിൽ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗുപ്തയെ യുഎസിന് കൈമാറിയത്. ബ്രൂക്ലിനിലെ ഫെഡറൽ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. തടവുകാരനായി പട്ടികപ്പെടുത്തിയിട്ടുണ്ട്.















