ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ കഴിഞ്ഞദിവസം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ ഭരിക്കുമെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ഓളം സീറ്റുകൾ ബിജെപി പിടിക്കുമെന്നുമാണ് തരൂരിന്റെ കണക്കുകൂട്ടൽ. ശശി തരൂരിന്റെ ഈ നിരീക്ഷണം ശരിവെക്കുകയാണ് രാഷ്‌ട്രീയ രാഷ്‌ട്രീയ നിരീക്ഷകനായ ഫക്രുദീൻ അലി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ മുന്നേറ്റത്തെ പറ്റി ഫക്രുദീൻ അലി സംസാരിച്ചത്.
“ശശി തരൂരിന്റെ നിരീക്ഷണം ശരിയാണ്. ബിജെപി കേരളത്തിൽ ശക്തമാകും. തിരുവനന്തപുരം, തൃശ്ശൂർ നഗരം അവർ പിടിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശ്ശൂർ പിടിക്കാൻ വളരെ എളുപ്പം ആയിരിക്കും. തിരുവനന്തപുരം നഗരസഭ ബിജെപി കഴിഞ്ഞതവണ വിജയിക്കാൻ സാധ്യതയുള്ളതായിരുന്നു. എൽഡിഎഫിന്റെ ഒരു ജാഗ്രത കൊണ്ടാണ് അത് സാധ്യമാവാതെ വന്നത്. കിറ്റ് വിതരണവും ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ വരാൻ പ്രയാസമാണെന്നുള്ള ഒരു പ്രചരണവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്തു. അതല്ലെങ്കിൽ, കഴിഞ്ഞതവണ തന്നെ ബിജെപി തിരുവനന്തപുരം നഗരസഭ യിൽ അധികാരത്തിലെത്തിയേനെ. ഇത്തവണ ബിജെപിക്ക് അനുകൂല തരംഗമാണ്. വലിയതോതിൽ വോട്ട് ശതമാനം ഉയർന്നു, തൃശ്ശൂർ സുരേഷ് ഗോപി വിജയിച്ചു, രണ്ടു നഗരസഭയിലും മേയർമാർക്ക് എതിരെ പ്രശ്നം. തിരുവനന്തപുരത്ത് മേയർക്കെതിരെ ജനങ്ങളും, തൃശ്ശൂരിൽ മേയർക്കെതിരെ സിപിഎം പ്രവർത്തകരും രംഗത്ത് വന്നു”.
“തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പഞ്ചായത്തുകളിൽ ബിജെപിക്ക് ഉണ്ടായ വളർച്ച വലുതാണ്. ആലപ്പുഴ നഗരസഭ വേണമെങ്കിൽ സാധ്യത പറയാവുന്നതാണ്. ശശി തരൂർ പറഞ്ഞതിൽ കാര്യമുണ്ട്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ഓളം സീറ്റുകൾ ബിജെപി കേരളത്തിൽ പിടിക്കാൻ സാധ്യതയുണ്ട്. അത് ഏറ്റവും ഉയർന്ന നിരക്കാണ്. വരുന്ന തവണ ബിജെപി അധികാരത്തിലും വരും. അധികം വൈകാതെ സുരേഷ് ഗോപി ക്യാമ്പിനറ്റ് മന്ത്രി പദവിയിലേക്ക് എത്താനും സാധ്യതയുണ്ട്. എങ്കിൽ വലിയ മാറ്റം കേരളത്തിൽ ഉണ്ടാവും”-ഫക്രുദീൻ അലി പറഞ്ഞു.















