ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടിക പുറത്ത്. ബോളിവുഡ് നടി ദീപികാ പദുകോൺ ആണ് 2024ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. കൽക്കി 2898 ADയിൽ അഭിനയിച്ച താരം ആലിയാ ഭട്ടിനെയും കങ്കണയേയും പ്രിയങ്ക ചോപ്രയേയും ഐശ്വര്യറായിയേയും മറികടന്നാണ് ഒന്നാമതെത്തിയത്. പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒറ്റനടിമാർ പോലുമില്ലെന്നതാണ് മറ്റൊരു കാര്യം.
IMDbയുടെ സഹായത്തോടെ ഫോർബ്സ് ആണ് പട്ടിക തയ്യാറാക്കിയത്. ഒരു സിനിമയ്‌ക്ക് 15-30 കോടി രൂപ ദീപിക വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനം കങ്കണാ റണാവത്തിനാണ്. 15 മുതൽ 27 കോടി വരെയാണ് കങ്കണ ഒരു സിനിമയ്‌ക്ക് വാങ്ങുന്ന പ്രതിഫലം. പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ പ്രിയങ്ക ചോപ്ര ഒരു സിനിമയ്‌ക്ക് 15-25 കോടി വരെ വാങ്ങുമെന്നാണ് റിപ്പോർട്ട്.
നാലാം സ്ഥാനത്ത് കത്രീന കൈഫും അഞ്ചാം സ്ഥാനത്ത് ആലിയാ ഭട്ടുമാണുള്ളത്. 15-25 കോടി രൂപ കത്രീനയും 10-20 കോടി രൂപ ആലിയയും പ്രതിഫലം കൈപ്പറ്റാറുണ്ട്. പട്ടികയിലുള്ള മറ്റ് നടിമാർ കരീന കപൂർ, ശ്രദ്ധാ കപൂർ, വിദ്യാ ബാലൻ എന്നിവരാണ്. ആദ്യ പത്ത് നടിമാരിൽ അവസാനത്തെ രണ്ട് പേർ അനുഷ്ക ശർമയും ഐശ്വര്യ റായിയുമാണ്.