എറണാകുളം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ് അയച്ചത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്‌ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മാസപ്പടി കേസിലെ സ്വാഭാവിക ഇടപെടൽ മാത്രമാണിതെന്ന് കുഴൽനാടൻ പ്രതികരിച്ചു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎലും തമ്മിലുള്ള 1.72 കോടി രൂപയുടെ ദുരൂഹ ഇടപാടിൽ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയ്‌ക്കും മകൾക്കുമുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനടൻ ഹർജി സമർപ്പിച്ചത്. കരിമണൽ ഖനനം ചെയ്യുന്നതിനായി സിഎംആർഎൽ കമ്പനിയ്‌ക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി അന്വേഷണവും ആരംഭിച്ചത്.