ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ടെലികോം ദാതാക്കളിൽ ഒന്നായ ജിയോയുടെ സേവനങ്ങളിൽ തകരാർ സംഭവിച്ചതായി റിപ്പോർട്ട്. രാജ്യത്തെ വിവിധയിടങ്ങളിൽ ജിയോ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജിയോയുടെ 2,404 ഉപഭോക്താക്കൾക്കാണ് പ്രശ്നം നേരിട്ടത്. ഉച്ചയ്‌ക്ക് 1.53ഓടെയാണ് സംഭവം.
റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 48 ശതമാനവും ജിയോ ഫൈബറുമായി ബന്ധപ്പെട്ടവയാണ്. കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവീസാണ് ജിയോ ഫൈബർ. 47 ശതമാനം ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തടസങ്ങളാണ് അനുഭവപ്പെട്ടത്. അഞ്ച് ശതമാനം പേർക്കാണ് മൊബൈൽ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി. കൂടുതലും ഡൽഹിയിലെ ജിയോ ഉപഭോക്താക്കൾക്കാണ് സേവനം ലഭിക്കുന്നതിൽ തടസം നേരിട്ടത്.
ജിയോ കൂടാതെ എയർടെൽ ഉപഭോക്താക്കൾക്കും രാജ്യത്തിന്റെ ചിലയിടങ്ങളിൽ സർവീസ് ലഭിക്കാതെ വന്നതായി റിപ്പോർട്ടുണ്ട്. ട്വിറ്റർ, സ്നാപ്ചാറ്റ്, ആമസോൺ പ്രൈം, തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സർവീസ് ഡൗൺ ആയതായി ചില ഉപഭോക്താക്കൾ പറയുന്നു.















