കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഗുരുതര പരിക്കേറ്റ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഇവരുടെ നില ഗുരുതരമാവുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ 37 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡീൻ ഡോക്ടർ സന്ദീപ് കുമാർ സെൻഗുപ്ത പറഞ്ഞു. നിസാര പരിക്കുകൾ മാത്രമുണ്ടായിരുന്ന രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. എന്നാൽ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. അവരുടെ ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും അവയവങ്ങൾക്ക് പരിക്കേറ്റിരുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സയിൽ കഴിഞ്ഞതെന്നും ഡോക്ടർ സന്ദീപ് കുമാർ പറഞ്ഞു.
ഇന്നലെ രാവിലെയായിരുന്നു ദാരുണ സംഭവം നടന്നത്. കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയും റെയിൽവേ മന്ത്രാലയവും ധന സഹായം പ്രഖ്യാപിച്ചിരുന്നു.