എറണാകുളം: അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനെ നാട്ടിലെത്തിക്കുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മധുവിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി സിബിഐയ്‌ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇറാനിൽ കഴിയുന്ന മധുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇറാനിലിരുന്നാണ് അവയവക്കടത്തിന് മധു നേതൃത്വം നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് പ്രതികൾ അവയവ ദാതാക്കളെ കണ്ടെത്തിയിരുന്നത്. ഹൈദരാബാദ് സംഘത്തിലുൾപ്പെട്ട രാംപ്രസാദ്, സാബിത്ത് നാസർ, സജിത്ത് ശ്യം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സാബിത്തും സജിത്തുമാണ് അവയവ ദാതാക്കളെ ഇറാനിൽ എത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ മധുവിന്റെ നിർദേശ പ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അവയവ കച്ചവടത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതായും കണ്ടെത്തി.
മധുവിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്. അവയവ കടത്തിന്റെ ഭാഗമായി മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.















