തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ സേവാഭാരതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ആദരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തുന്ന രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ആദരവ്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ലിനറ്റ് ജെ. മോറിസ് പുരസ്കാരവും പ്രശസ്തിപത്രവും സേവാഭാരതി പ്രതിനിധി ദിനേശിന് കൈമാറി.
മുപ്പത് വര്‍ഷം മുമ്പാണ് മെഡിക്കല്‍ കോളജിൽ സേവാഭാരതി രക്തദാനത്തിന് തുടക്കം കുറിച്ചത്. യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ എത്തിച്ചും ക്യാമ്പ് നടത്തിയുമാണ് പ്രധാനമായും രക്തം എത്തിച്ചത്. കൂടാതെ ആശുപത്രി അധികൃതരില്‍ നിന്നുള്ള അറിയിപ്പിനുസരിച്ച് അപൂര്‍വ ഗ്രൂപ്പുകളില്‍പ്പെടുന്ന രക്തം അടക്കം സേവാപ്രവർത്തകർ ഏർപ്പാടാക്കാറുണ്ട്.
കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും സ്തുത്യാർഹമായ പ്രവര്‍ത്തനമാണ് സേവാഭാരതി കാഴ്ചവെച്ചത്. പുറ്റിങ്ങല്‍ അപകടത്തിപ്പെട്ടവർക്ക് ആവശ്യമായ രക്തം നൽകാനായി തിരുവനന്തപുരത്തിനു പുറമെ കൊല്ലം ജില്ലയില്‍ നിന്നും പ്രവര്‍ത്തകർ എത്തി. കൊവിഡ് കാലത്ത് ദിവസവും 50 പേര്‍ക്ക് ജീവരക്തമെന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമെ ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലും സേവനപ്രവർത്തനങ്ങളിൽ സജീവമാണ് സേവാഭാരതി.















