സിനിമാ പ്രേമികൾക്ക് പ്രതീക്ഷയേകി സർഫിറാ ട്രെയിലർ. അക്ഷയ് കുമാറിനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് സർഫിറാ. സൂര്യയെ നായകനാക്കി സുധ തന്നെ സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന സിനിമയുടെ റീമേക്കാണ് ചിത്രം. അഭിനയത്തിന്റെ കാര്യത്തിൽ അക്ഷയ് കുമാർ പ്രേക്ഷകരെ നിരാശരാക്കില്ല എന്ന് ഉറപ്പ് തരുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.
സാധാരണക്കാർക്ക് വെറും 1 രൂപയ്‌ക്ക് വിമാനയാത്ര സാധ്യമാക്കുന്നതിന് എയർലൈൻ കമ്പനി തുടങ്ങാൻ മുന്നിട്ടിറങ്ങുന്ന വീർ മാഹ്ത്രേയുടെ ശ്രമമാണ് സർഫിറയുടെ കഥ. തമിഴിൽ സൂര്യ ചെയ്ത കഥാപാത്രം അക്ഷയ് കുമാറിൽ ഭദ്രമായിരിക്കും. തുടർച്ചയായി നേരിടുന്ന പരാജയങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒരു തിരിച്ചുവരവായിരിക്കും ചിത്രത്തിലൂടെ താരം നടത്തുക.
പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് അഭിനേതാക്കൾ. ഇവരെ കൂടാതെ അതിഥി വേഷത്തിൽ സൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. റിലീസ് ചെയ്തിരിക്കുന്ന ട്രെയിലറിലും സൂര്യയെ കാണാം. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു സിനിമ ജൂലൈ 12ന് തീയറ്ററുകളിലെത്തും.