ലക്‌നൗ: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി വളരെയധികം ഉപകാരപ്രദമാണെന്ന് കർഷകർ. കിസാൻ സമ്മാൻ നിധിയിലൂടെ ലഭിക്കുന്ന പണം കൃഷിയ്‌ക്കായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെന്നും അതിൽ വളരെയധികം സന്തുഷ്ടരാണെന്നും വാരാണസിയിലെ കർഷകയായ ചമ്പാ ദേവി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവർ.
” പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി കർഷകർക്ക് ഒരു കൈത്താങ്ങാണ്. ഞങ്ങൾക്കെല്ലാവർക്കും കൃഷിക്കാവശ്യമായ പണം ലഭിക്കുന്നു. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങൾ ആഗ്രഹിച്ചത്. അത് സാധിച്ചിരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ 2,000 രൂപ ലഭിക്കുന്നതിന് പുറമെ ഇന്ന് ഞങ്ങൾക്ക് വൃത്തിയുള്ള വീടും ശുചിമുറികളുമുണ്ട്, ഗ്യാസും, സൗജന്യമായി റേഷനും ലഭിക്കുന്നു. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? കർഷകർക്ക് അദ്ദേഹം ഒരുപാട് സഹായങ്ങൾ നൽകുന്നുണ്ട്.”- ചമ്പാ ദേവി പറഞ്ഞു.
കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു പ്രധാനമന്ത്രി ഇന്ന് കർഷകർക്ക് നൽകിയത്. കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളാണ് പ്രധാനമന്ത്രി നൽകുന്നതെന്നും കർഷകർ പറഞ്ഞു. രാജ്യത്തെ 92.6 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി 20,000 കോടി രൂപയിലധികം രൂപയാണ് ഇന്ന് വിതരണം ചെയ്തത്. ഇതുവരെ കേന്ദ്രസർക്കാർ 11 കോടിയിലധികം കർഷകർക്ക് 3.04 ലക്ഷം കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.















