ഏഥൻസ്: അമേരിക്കൻ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രീസ് മത്രാകിയിലെ ബീച്ചിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിനെ തുടർന്നാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉഷ്ണതരംഗം വർദ്ധിച്ചതിനെ തുടർന്ന് ഒരാഴ്ചയ്‌ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിത്.
മരിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം യുഎസിലേക്ക് അയക്കും. കാണാതായ മൂന്ന് വിദേശ സഞ്ചാരികൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. 73,74 വയസുള്ള രണ്ട് ഫ്രഞ്ച് വനിതകൾ, യുഎസ് പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് കാണാതായത്. ഗ്രീസിലെ ബീച്ചുകൾ, പർവത മേഖലകളിലേക്കുള്ള റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്.
രാജ്യത്ത് ഉഷ്ണതരംഗം വർദ്ധിക്കുന്നതാണ് മരണങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ഒമ്പതിന് ബ്രിട്ടീഷ് ടിവി അവതാരകന്റെ മൃതദേഹം സിമി ദ്വീപിൽ നിന്നും കണ്ടെത്തിയിരുന്നു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡ്രോൺ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേനകൾ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ശനിയാഴ്ച സമോസ് ദ്വീപിൽ നിന്ന് 74 കാരനായ ഡച്ച് വിനോദസഞ്ചാരിയെയും ജൂൺ അഞ്ചിന് രണ്ട് കാൽനടയാത്രക്കാരെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.















