കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗർർർ-ന്റെ സക്സസ് ടീസർ പങ്കുവച്ച് അണിയറപ്രവർത്തകർ. ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററിലെത്തിയ ഇതിനോടകം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാനായി. ചിത്രത്തിന്റെ പ്രധാന രംഗമാണ് ടീസറിലുള്ളത്. സിംഹക്കൂട്ടിൽ അകപ്പെടുന്ന യുവാവിനെ രക്ഷപ്പെടുത്തുന്നതിനുള്ള തത്രപ്പാടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ഗർർർ നിർമിച്ചത്. ബോളിവുഡ് സിനിമകളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുളള മോജോ എന്ന സിംഹത്തിന്റെ പ്രകടനവും ചിത്രത്തിൽ ശ്രദ്ധേയമായിരുന്നു. സംവിധായകനായ ജെയ് കെയും പ്രവീണും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ എല്ലാ സീനുകളും ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സുരാജ് വെഞ്ഞാറമൂട്, മഞ്ജു പിള്ള, സെന്തിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 14-നാണ് ഗർർർ തിയേറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ നാല് കോടിയോളമാണ് ചിത്രം നേടിയത്. ഗർർർ-ലെ ഗാനങ്ങളും വലിയ ഹിറ്റാണ്. വലിയ ഗൗരവമേറിയ വിഷയം രസകരമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്ന് പ്രേക്ഷകർ പറയുന്നു.
സിംഹത്തോടൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെയും സുരാജിന്റെയും രംഗങ്ങളും അതിമനോഹരമായ ദൃശ്യാവിഷ്കരണവും സിനിമാസ്വാദകരെ പിടിച്ചിരുത്തുന്നു. ആകാംക്ഷയും കോമഡിയും കലർന്ന സിനിമ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്.















