ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് കശ്മീരിലെ യോഗാ പരിപാടിയിൽ. ശ്രീനഗറിലെ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ചയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുളള ആദ്യ യോഗദിനമാണിത്.
പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാൽ രാജ്യത്തിന്റെ പ്രധാന യോഗാദിന പരിപാടി നടക്കുന്നത് ശ്രീനഗറിലാണെന്നും ആയുഷ് മന്ത്രാലയം സെക്രട്ടറി പറഞ്ഞു. ഇതിനൊപ്പം ജമ്മു-കശ്മീർ സർക്കാർ എല്ലാ ജില്ലാ ആസ്ഥാനത്തും യോഗാദിനത്തിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സർക്കാർ ഓഫീസുകളിലും യോഗാദിനവുമായി ബന്ധപ്പെട്ട യോഗാ പരിശീലനവും മറ്റ് പരിപാടികളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗ വ്യക്തിക്കും സമൂഹത്തിനുമെന്നാണ് ഇക്കൊല്ലത്തെ യോഗദിനത്തിന്റെ ആശയം. യോഗ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ഈ ആശയം ഉയർത്തിപ്പിടിക്കുന്നത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും യോഗ പ്രാവർത്തികമാക്കണമെന്നും സമൂഹത്തെ പ്രചോദിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യമെന്നും ആയുഷ് മന്ത്രാലയം സെക്രട്ടറി പറഞ്ഞു.
2015 മുതലാണ് ആഗോളതലത്തിൽ ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കാൻ തുടങ്ങിയത്. യോഗയ്‌ക്ക് പ്രചാരം നൽകുകയായിരുന്നു പ്രധാന ലക്ഷ്യം. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിന് പിന്നാലെ അന്താരാഷ്‌ട്ര തലത്തിൽ നടത്തിയ ഇടപെടലുകളുടെ ഫലമായി യുഎൻ ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയായിരുന്നു.