കോട്ടയം: മുണ്ടക്കയം 35-ാം മൈൽ ദേശീയ പാതയിൽ മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചയാൾ പിടിയിൽ. കുമളി സ്വദേശി ഷിജിൻ ഷാജിയാണ് പിടിയിലായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
വളവിലും തിരിവിലും വാഹനത്തിന്റെ നിയന്ത്രണം പലപ്പോഴും നഷ്ടപ്പെട്ടിരുന്നു. ഇത് കണ്ട് എതിരെ വന്നിരുന്ന വാഹനങ്ങൾ വേഗത കുറച്ചതോടെയാണ് ഇടിക്കാതെ രക്ഷപ്പെട്ടത്. അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത് മറ്റ് വാഹനങ്ങളിലെ യാത്രികർ പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചയാൾ ഷിജിൻ ഷാജിയാണെന്ന് കണ്ടെത്തി. ഇയാളെ കൊടുകുത്തിക്ക് സമീപത്ത് വച്ച് പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.















