വിമാനയാത്രകൾ വൈകുന്നതും അതിനെ തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെ വാർത്തകളിൽ എപ്പോഴും നിറയാറുണ്ട്. ചിലരൊക്കെ ഇതിനെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുമുണ്ട്. വിമാനം വൈകിയതിനെ തുടർന്ന്, സംവിധായകൻ ജൂഡ് ആന്തണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
യാത്രക്കാർ വിമാനത്തിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൈലറ്റിനെ കാണാതായതോടെയാണ് നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ എന്ന് ചോദിച്ച് ജൂഡ് ആന്തണി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. വിമാനത്തിന്റെ നമ്പർ സഹിതമായിരുന്നു പോസ്റ്റ്.
‘ഒരു മണിക്കൂറായി ഇൻഡിഗോ വിമാനത്തിൽ ക്യാപ്റ്റനുവേണ്ടി കാത്തിരിക്കുന്നു. നിങ്ങൾ എവിടെയാണ് ക്യാപ്റ്റൻ?? 6E447 ക്യാപ്റ്റൻ, നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ എത്രയും വേഗം വരിക.’-എന്നായിരുന്നു ജൂഡ് ആന്തണിയുടെ വാക്കുകൾ. വിമാനത്തിനുളളിലെ ചിത്രവും ജൂഡ് പങ്കുവെച്ചു.
ജൂഡ് ആന്റണിയുടെ പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്. നമ്മടെ രീതിയിൽ ഒന്നു ക്യാപ്റ്റനെ വിളിച്ചു നോക്കിയാലോ, ഇനി ട്രാഫിക് ജാം ആയിരിക്കുമോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് വരുന്നത്.