തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ഒടിടിയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാത്ത നിരവധി സിനിമകളുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തിയേറ്ററിൽ സിനിമ കാണുന്നതുപോലെയല്ല, ഒടിടിയിൽ കാണുന്നതെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒടിടി എന്നു പറയുന്നത് പൂർണമായും മറ്റൊരു പ്ലാറ്റ്ഫോമും വേറൊരു കാഴ്ചയുമാണ് നമുക്ക് ലഭിക്കുന്നത്. തിയറ്റലിറങ്ങി ബ്ലോക്ബസ്റ്ററായ ശേഷം ഒടിടിയിൽ എത്തിയപ്പോൾ അട്ടർ ഫ്ലോപ്പായ വേറെയും സിനിമകളുണ്ട്. ഓഡിയൻസിന് പോലും വർക്കാകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്. തിയേറ്ററിൽ കാണാൻ കഴിയാത്ത സിനിമകൾ ഒടിടിയിൽ ഞാൻ കാണാറുണ്ട്. അതിൽ ചിലതൊക്കെ എങ്ങനെ തിയേറ്ററിൽ ഓടിയെന്ന് ഓർക്കാറുണ്ട്.
സിനിമയെന്നത് വിഷ്വലും സൗണ്ടുമാണ്. വലിയ ഒരു ജനക്കൂട്ടത്തിന്റെ കൂടെയിരുന്ന് കാണുമ്പോള്‍ നമുക്ക് ചിരിവരാത്തയിടത്ത് നമ്മള്‍ ചിരിച്ചു പോകും. തിയേറ്ററിൽ സിനിമകൾ കാണുമ്പോൾ വേറൊരു വൈബാണ് കിട്ടുന്നത്. ചില സമയങ്ങളിൽ വീട്ടിലിരുന്ന് കാണുമ്പോൾ ആ സിനിമക്ക് ലാഗ് കാണില്ല. വീട്ടിലിരുന്നു കാണുമ്പോള്‍ ഇടക്ക് പോസ് ചെയ്യുന്നു, എന്തെങ്കിലും ആവശ്യത്തിന് പോയ ശേഷം തിരിച്ചു വരുന്നു.
ചില സിനിമകള്‍ മൂന്നും നാലും ദിവസമെടുത്തായിരിക്കും കണ്ടു തീർക്കുന്നത്. തിയേറ്ററില്‍ അതിന് പറ്റില്ല, അവിടെ ഒറ്റയടിക്ക് കണ്ടു തീര്‍ക്കണം. നമ്മള്‍ ഇങ്ങനെ പോസ് ചെയ്ത് കാണുമ്പോഴും കഥ നീങ്ങുന്നില്ലെന്ന് തോന്നും.’-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ധ്യാനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളായെത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. തിയേറ്ററിൽ വൻ വിജയം ലഭിച്ച ചിത്രത്തിന് ഒടിടിയിൽ എത്തിയപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചായിരുന്നു ധ്യാൻ അഭിമുഖത്തിൽ പ്രതികരിച്ചത്.















