റിയാദ്: ഹജ്ജിനെത്തിയവരിൽ 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദഗ്ധരുടെ റിപ്പോർട്ടിൽ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാർ മരിച്ചതായാണ് വിവരം. എന്നാൽ കണക്കിൽപെടാത്ത നിരവധി പേർ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആൾക്കൂട്ടത്തിനിടയിൽപെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യൻ പ്രതിനിധി പറഞ്ഞു. മക്കയിലെ അൽ-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60-ഓളം ജോർദാൻ പൗരന്മാർക്കും ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.
കൊടും ചൂട് തീർത്ഥാടകരെ വലയ്‌ക്കുകയാണ്. 51.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ മക്കയിൽ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000-ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ഈ കണക്ക് സൗദി ഭരണകൂടം അപ്ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു.
ഹജ്ജ് ചടങ്ങിൽ പങ്കെടുക്കാൻ മണിക്കൂറുകളോളമാണ് തീർത്ഥാടകർ പൊരിവെയിലത്ത് നിൽക്കുന്നത്. ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുത്തു, അതിൽ 1.6 ദശലക്ഷം പേർ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റർ ചെയ്യാതെ ഹജ്ജിനെത്തുന്നത്. ഇത്തരക്കാർക്ക് അധികൃതർ നൽകുന്ന എയർകണ്ടീഷൻ സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയാതെ വരും. ഭക്ഷണവും വെള്ളവും ലഭിച്ചെന്നും വരില്ല. ഇത്തരത്തിലെത്തിയ ഈജിപ്ത്ത് തീർത്ഥാടകരാണ് മരിച്ചതിൽ ഏറിയ പങ്കും.













