കേരളത്തിൽ രാഷ്‌ട്രീയ മാറ്റം ഉടലെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിന് മുകളിലാണെന്നും ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒറ്റകക്ഷിയായും ബിജെപി മാറാൻ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ കണക്കുകൾ നിരത്തിയുള്ള പരാമർശം.
20 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങൾ നോക്കിയാൽ എണ്ണം ഇനിയുമേറെ കൂടും. ചാലക്കുടിയിലേയും മാവേലിക്കരയിലേയും ചില നിയോജകമണ്ഡലങ്ങളും നിയമസഭയിലെ സാഹചര്യം വച്ച് ഈ കണക്കിൽ ഉൾപ്പെടുത്തിയാൽ വിജയിച്ച് വരാവുന്ന സീറ്റുകളുടെ എണ്ണം 40-ലധികമായി ഉയരും. എന്നാൽ ഈ കണക്ക് ഒരു മാദ്ധ്യമങ്ങളും പറയാതെ ഒളിച്ചു വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ, 25-ലധികം മുനിസിപ്പാലിറ്റികൾ, 100-ലധികം ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും അടുത്ത തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. അതിലേറെ സ്ഥലങ്ങളിൽ പ്രതിപക്ഷമായി ബിജെപി മാറും.
കഴിഞ്ഞ തവണ സിപിഎമ്മിന്റെ സഹായത്തോടെ കഷ്ടിച്ചാണ് പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി വിജയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആവേശഭരിതരായ വോട്ടർമാർ ഇത്തവണ അതിനെയും മറികടക്കും. ഈ മാറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞതാണ് സിപിഎമ്മിനെയും കോൺഗ്രസിനെയും മാദ്ധ്യമങ്ങളെയും ആശങ്കയുടെ നിഴലിലാഴ്‌ത്തിയിരിക്കുന്നത്.
പ്രിയങ്കയെ കണ്ടാൽ ഇന്ദിരയെ പോലെയുണ്ടെന്ന പൈങ്കിളിയുമായി കോൺഗ്രസിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിയവരിൽ ഇടത് മാദ്ധ്യമപ്രവർത്തകർ വരെയുണ്ടെന്നും ഇടതിന്റെ പണി കഴിഞ്ഞെന്നവർക്കും ബോധ്യപ്പെട്ടത് കൊണ്ടാണിതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ ഇണ്ടി മുന്നണിയായി ഇടതും കോൺഗ്രസ്സും മത്സരിക്കും. ഒരു സംശയവും വേണ്ട- അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.