രാജ്യത്ത് ലഭ്യമല്ലാത്ത അപൂർവ രക്തഗ്രൂപ്പ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തുനൽകി ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ. അപൂർവരോഗം ബാധിച്ച ഹരിയാന സ്വദേശിനിക്ക് ഇതോടെ കുഞ്ഞെന്ന സ്വപ്നം സാധ്യമാക്കി നൽകിയിരിക്കുകയാണ് വൈദ്യശാസ്ത്രലോകം.
ഗർഭിണിയായ യുവതിയുടെ രക്തഗ്രൂപ്പ് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്നതായിരുന്നു. ഗർഭസ്ഥ ശിശുക്കളിൽ ഗുരുതര രോഗമുണ്ടാക്കുന്ന RhD ആൻ്റിജെൻ അടങ്ങുന്ന പ്രത്യേകതരം രക്തഗ്രൂപ്പായിരുന്നു യുവതിയുടേത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിലുള്ള രക്തഗ്രൂപ്പ് ലഭിക്കാറുള്ളൂ. യുവതി ഗർഭിണിയായതോടെ ഇത് ഗർഭസ്ഥ ശിശുവിന്റെ ജീവനെയും ബാധിക്കാൻ തുടങ്ങി. യുവതിയുടെ അസാധാരണ രക്തഗ്രൂപ്പ് കാരണം ഗർഭസ്ഥ ശിശുവിന് വിളർച്ച ബാധിച്ചു. എന്നിരുന്നാലും ഡോക്ടർമാർ നടത്തിയ സമയോചിത ഇടപെടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചിരിക്കുകയാണ്.
അഞ്ചാം മാസമാണ് ഗർഭിണി എയിംസിലെത്തുന്നത്. അമ്മയുടെ അതേ രക്തം കുഞ്ഞിന് നൽകിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ രക്ത ഗ്രൂപ്പ് ജപ്പാനിൽ ലഭ്യമാണെന്ന് റെഡ് ക്രോസ് അറിയിച്ചു. ഇതിന് പിന്നാലെ ജാപ്പനീസ് എംബസിയിൽ നിന്ന് ക്ലിയറൻസും മറ്റ് നടപടികളും പൂർത്തിയാക്കി. 48 മണിക്കൂർ കൊണ്ട് ജപ്പാനിൽ നിന്ന് രക്തം ഇന്ത്യയിലെത്തിച്ചു.
രക്തത്തിൽ അപൂർവ ഘടകങ്ങളുടെ സാന്നിധ്യമുള്ള സ്ത്രീകൾ ഗർഭിണിയാകുമ്പോൾ കുഞ്ഞിന് വിളർച്ച, മഞ്ഞപ്പിത്തം, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് എയിംസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നീന മൽഹോത്ര പറഞ്ഞു.
നേരത്തെ യുവതി ഏഴ് തവണ ഗർഭം ധരിച്ചിരുന്നെങ്കിലും ഈ അപൂർവ്വ അവസ്ഥ കാരണം കുഞ്ഞിനെ നഷ്ടമാവുകയായിരുന്നു. ഒടുവിലാണ് യുവതി ചികിത്സയ്‌ക്കായി എയിംസിൽ എത്തുന്നത്. അക്കാലത്ത് ബ്ലഡ് ബാങ്കിന്റെ തലവനായിരുന്ന ഡോ. ഹെം ചന്ദ്ര പാണ്ഡെയാണ് യുവതിയുടേത് അപൂർവ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയത്. രാജ്യത്തെ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതെന്നും ലോകത്തെ എട്ടാമത്തെയും സംഭവമാണിതെന്നും ഡോക്ടർമാർ അറിയിച്ചു.















