ഷെയ്ൻ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സിനിമ തീയറ്ററിൽ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഷെയ്ൻ നിഗത്തിന്റെ ചില അനാവശ്യ പ്രസ്താവനങ്ങളാണ് ചിത്രത്തെയും വിവാദത്തിൽ കൊണ്ടു ചാടിച്ചത്. എന്നാൽ, താരത്തെ പിന്തുണച്ചാണ് നിർമ്മാതാവ് സാന്ദ്ര തോമസ് പ്രതികരിച്ചത്. ഈ വിവാദങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതും സിനിമയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.
ഈ മാസം ഏഴിന് സിനിമ കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും പ്രേക്ഷകർക്കിടയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതുമില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ലിറ്റിൽ ഹാർട്സിന്. സ്വവർഗ പ്രണയം ഒരു പ്രധാന വിഷയം ആകുന്നതിനാലാണ് ജിസിസിയിൽ സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. സ്വവർഗ പ്രണയത്തിന് ക്രൈസ്തവ കുടുംബങ്ങളെ പശ്ചാത്തലമാക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, സിനിമയുടെ നിർമ്മാതാവ് സാന്ദ്ര തോമസ് സമൂഹമാധ്യമങ്ങളിൽ കുറിച്ച് ഒരു വരിയാണ് ചർച്ചാവിഷയം.
“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും. Welcome to Malayalam cinema”-എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. എതിരെ പിന്നാലെ ജനങ്ങളും സിനിമ പ്രേമികളും പ്രതികരിച്ച് രംഗത്തുവന്നു. ‘എന്താണ് സംഭവം’ എന്ന് ചിലർ ചോദിക്കുമ്പോൾ, ‘നല്ല സിനിമ തിരഞ്ഞെടുത്തില്ലെങ്കിൽ പടം പൊട്ടും’ എന്ന് മറ്റൊരു കൂട്ടരും പ്രതികരിക്കുന്നു. “എല്ലാം ഷെയ്ൻ നിഗത്തിന്റെ പ്രൊമോഷൻ കഴിവ്”, “കഴിവുള്ളവരെ അംഗീകരിക്കും അത് സ്ത്രീയായാലും പുരുഷനായാലും. വെറുതെ കുരു പൊട്ടിയിട്ട് കാര്യമില്ല”, “സോഫിയ പോളൊക്കെ പടം എടുത്ത് ഹിറ്റ് ആക്കിയ ഇൻഡസ്ട്രിയല്ലെ ഇത്” എന്നിങ്ങനെ നീളുന്നു സാന്ദ്രയുടെ പോസ്റ്റിന് താഴെയുള്ള സിനിമ പ്രേമികളുടെ പ്രതികരണങ്ങൾ.