എറണാകുളം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വഴിത്തിരിവ്. കേസ് ഒത്തുതീർപ്പായെന്ന് പ്രതി രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഉൾപ്പെടെ ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസ് ഒത്തുതീർപ്പാക്കി എന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സർക്കാരിനോട് നിലപാട് ചോദിച്ചത്. പൊലീസിന് നൽകിയ മൊഴി ശരിയല്ല എന്നതുൾപ്പെടെയാണ് യുവതി സത്യവാങ്മൂലത്തിൽ പരാമർശിച്ചിരിക്കുന്നത്.
വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് കാണിച്ച് യുവതി സമൂഹമാദ്ധ്യമത്തിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. രാഹുലുമായി തനിക്ക് പ്രശ്നമില്ലെന്നും പരാതി നൽകാൻ വീട്ടുകാരാണ് നിർബന്ധിച്ചതെന്നുമാണ് യുവതി വീഡിയോയിൽ പറഞ്ഞത്. ഇതിന് പിന്നാലയാണ് ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് രാഹുൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
യുവതിയെ കഴിഞ്ഞയാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. പിന്നാലെ യുവതിയെ കൊച്ചിയിലെത്തിക്കുകയായിരുന്നു.















