ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാക്കൾ ബിജെപിയിൽ. കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയുമാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഘ് എന്നിവർ ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് കിരൺ ചൗധരി പ്രതികരിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നാണ് നരേന്ദ്രമോദിയുടെ പ്രതിജ്ഞ. ലോകത്തിന് മുന്നിൽ ഇന്ത്യ തിളങ്ങുമെന്ന് പൂർണ വിശ്വാസമുണ്ട്. പൊതുജനങ്ങൾക്കായി നരേന്ദ്രമോദി ചെയ്ത ക്ഷേമപദ്ധതികളാണ് മൂന്നാമതും പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്നും കിരൺ ചൗധരി പറഞ്ഞു.
രാജ്യത്തിന് വേണ്ടി ചരിത്രപരമായ തീരുമാനങ്ങൾ സ്വീകരിച്ചിട്ടുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിച്ചെന്നും കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചു. കോൺഗ്രസിൽ ഏറെ അർപ്പണബോധത്തോടെ പ്രവർത്തിച്ചയാളായിരുന്നു താൻ. ജീവിതം കോൺഗ്രസിനായി സമർപ്പിച്ചാണ് ജീവിച്ചത്. കഠിനാധ്വാനം മുഴുവൻ പാർട്ടിക്കായി നൽകി. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹരിയാനയിലെ കോൺഗ്രസ് വ്യക്തികേന്ദ്രീകൃതമായി മാറുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസ് മുന്നോട്ട് പോകാൻ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഹരിയാനയിൽ കോൺഗ്രസിന് യാതൊരു വിധത്തിലുള്ള പുരോഗതിയും ഉണ്ടാകാത്തത്. വലിയ നേതാക്കൾ കോൺഗ്രസ് വിടുന്നത് ഇതുകൊണ്ടാണെന്നും ശ്രുതി ചൗധരി തുറന്നുപറഞ്ഞു.