ന്യൂഡൽഹി : യാത്രക്കാരുടെ ചെക്ക്-ഇൻ സമയം കുറയ്‌ക്കുന്ന പുത്തൻ സാങ്കേതികവിദ്യയുമായ് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് . ബാഗേജ് ഡ്രോപ്പ് പ്രക്രിയ കാര്യക്ഷമമാക്കുന്ന സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് (SSBD) സംവിധാനമാണ് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ചത് . ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ 50 SSBD യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി.
കാനഡയിലെ ടൊറൻ്റോയ്‌ക്ക് ശേഷം ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് ഡൽഹി വിമാനത്താവളം .നിലവിൽ, കോമൺ യൂസ് സെൽഫ് സർവീസ് (CUSS) കിയോസ്‌കുകൾ എയർപോർട്ടിലുണ്ട്. എന്നാൽ ഇവിടുത്തെ പ്രക്രിയകൾക്ക് ഒരു മിനിറ്റോളം സമയമെടുക്കും. സ്വയം സേവന ബാഗേജ് ഡ്രോപ്പ് യൂണിറ്റിൽ, യാത്രക്കാർ ബയോമെട്രിക് ക്യാമറകളിലൂടെ അവരുടെ ബോർഡിംഗ് പാസുകളോ മുഖമോ സ്കാൻ ചെയ്യണം. തുടർന്ന് അവർക്ക് അവരുടെ ലഗേജ് കൺവെയർ ബെൽറ്റിൽ ഇടാം.ലഗേജ് സ്വയമേവ പ്രോസസ്സ് ചെയ്യപ്പെടും.
ഇത് പ്രോസസ്സിംഗ് സമയം ഒരു മിനിറ്റിൽ നിന്ന് 30 സെക്കൻഡായി കുറയ്‌ക്കുന്നു .എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ മൂന്ന് എയർലൈനുകളിൽ ക്വിക്ക് ഡ്രോപ്പ് സൊല്യൂഷൻ ലഭ്യമാണ്.ക്വിക്ക് ഡ്രോപ്പ് സൊല്യൂഷൻ ബാഗേജ് ഡ്രോപ്പ് പ്രക്രിയ വേഗത്തിലാക്കുക മാത്രമല്ല, യാത്രക്കാർക്ക് സുഗമവും കൂടുതൽ ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു















