ബെംഗളൂരു: സുഹൃത്തായ നടിയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശന്റെ മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. ദർശന്റെ ഉടമസ്ഥതയിലുള്ള ദുർഗ ഫാംഹൗസിലെ മാനേജറായ ശ്രീധറെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാംഹൗസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിൽ എഴുതിയിരുന്നത്. തന്റെ പ്രിയപ്പെട്ടവരെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ശ്രീധർ പറയുന്ന ഒരു വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്‌ക്ക് മുമ്പ് എടുത്ത വീഡിയോയാണിതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തു.
കേസ് അന്വേഷണത്തിന്റെ പേരിൽ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിപ്പിക്കരുതെന്നും ആത്മഹത്യ തന്റെ തീരുമാനമാണെന്നും ശ്രീധർ വീഡിയോയിൽ പറയുന്നു. ശ്രീധറിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തന്റെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്റെ സഹോദരി പറഞ്ഞു.
കൊലക്കേസ് പുറത്തുവന്ന സാഹചര്യത്തിൽ ദർശൻ ശ്രീധറെ ആപായപ്പെടുത്തിയതാണോ എന്ന സംശയവും കുടുംബം ആരോപിച്ചു. ബംഗളൂരുവിന് സമീപത്തായുള്ള അനേകലിൽ സ്ഥിതിചെയ്യുന്ന ഫാംഹൗസിന്റെ മാനേജറാണ് ശ്രീധർ.