ധർമ്മശാല: ചൈനയുടെ എതിർപ്പ് വകവയ്‌ക്കാതെ ദലൈലാമയെ സന്ദർശിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധി സംഘം. മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ മൈക്കൽ മക്കോളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഹിമാചൽ പ്രദേശിലെ ധർമശാലയിൽ എത്തിയാണ്
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്. ദലൈലാമയുടെ പരമ്പര എന്നെന്നേക്കുമായി നിലനിൽക്കുമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പെലോസി പറഞ്ഞു,
ടിബറ്റ് തർക്കം പരിഹാരം കാണാൻ ചൈനയെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള റിസോൾവ് ടിബറ്റ് ആക്റ്റ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം. കഴിഞ്ഞയാഴ്ച ബില്ലിന് യുഎസ് കോൺഗ്രസ് അുമതി നൽകിയിരുന്നു. അതിനിടെ രണ്ട് നീക്കങ്ങളേയും എതിർത്ത് ബെയ്ജിംഗ് രംഗത്ത് വന്നു. ടിബറ്റ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും ചൈന പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ചൈനയുടെ എതിർപ്പിനെ ടിബറ്റൻ പ്രവാസ സർക്കാരിന്റെ സുരക്ഷാ മന്ത്രി ഡോൾമ ഗ്യാരി തള്ളി. സ്വാതന്ത്യത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളും സമാധാനവും നീതിയും ആഗ്രഹിക്കുന്ന ജനതയും ടിബറ്റിനൊപ്പം നിലകൊള്ളുെമെന്ന് അദ്ദേഹം പറഞ്ഞു. ടിബറ്റൻ ജനതയ്‌ക്കുള്ള യുഎസ് പിന്തുണ ശക്തമായ സന്ദേശമാണെന്നും ഇന്ത്യയ്‌ക്ക് നൽകുന്ന പിന്തുണയായി ഇതിനെ കാണുന്നുവെന്നും അവർ പറഞ്ഞു
88 വയസുള്ള ദലൈലാമയുമായി യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ മുൻ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് ചൈന കാണുന്നത്.