ബെംഗളൂരു: ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്തപ്പോൾ ലഭിച്ച പാക്കേജിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് വന്നു. ഞായറാഴ്ച ബെംഗളൂരുവിലാണ് സംഭവം.
സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ അവർക്കു ലഭിച്ച പാക്കേജിനുള്ളിൽ ഒരു മൂർഖൻ പാമ്പിനെ കാണുകയായിരുന്നു. ഉഗ്ര വിഷമുള്ള ഈ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടാക്കിയില്ല. ദമ്പതികൾ ഈ ദൃശ്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ഈ വിവരം അറിയിക്കാൻ വിളിച്ച ആമസോൺ കസ്റ്റമർ കെയർ അവരെ രണ്ടു മണിക്കൂർ കാത്ത് നിർത്തി എന്നും അവർ പറഞ്ഞു.
എന്നാൽ പിന്നീട് ആമസോൺ മുഴുവൻ റീഫണ്ടും നൽകിയെന്നും എന്നാൽ അതിനപ്പുറം തങ്ങൾക്ക് ഒരു നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ ലഭിച്ചില്ല എന്നും അവരുടെ പതിവ് രീതി അനുസരിച്ച് “നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു” വാചകം മാത്രമാണ് ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.
പക്ഷേ ഉഗ്രവിഷമുള്ള ഒരു പാമ്പു കാരണം ജീവൻ പണയപ്പെടുത്തിയാൽ ഞങ്ങൾക്ക് എന്താണ് ലഭിക്കുന്നത്? ഇത് വ്യക്തമായും ആമസോണിന്റെ അശ്രദ്ധയും അവരുടെ മോശം ലോജിസ്റ്റിക്‌സും കൊണ്ട് മാത്രം സംഭവിച്ച സുരക്ഷാ ലംഘനമാണ്. അവർ പറഞ്ഞു.
കർണാടകയിൽ പ്രാദേശികമായി കാണപ്പെടുന്ന ഈ പാമ്പ് ഉഗ്രവിഷമുള്ള മൂർഖൻ ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാമ്പിനെ പിടികൂടി പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് വിട്ടതായാണ് റിപ്പോർട്ട്.















