ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥ തുടരുന്നതിനിടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിനുള്ളിൽ എസിയില്ലാതെ യാത്രക്കാർ കഴിഞ്ഞത് ഒരു മണിക്കൂർ. സ്പൈസ്ജെറ്റിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്.
ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വിമാനം പറന്നുയർന്നതിന് പിന്നാലെ ഒരു മണിക്കൂറോളം ശീതീകരണ സംവിധാനം നിലയ്‌ക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന രോഹൻ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈയിൽ കിട്ടിയ പേപ്പറും തുണിക്കഷ്ണങ്ങളുമൊക്കെ ഉപയോഗിച്ച് വീശിയാണ് ചൂടിനെ അതിജീവിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
#WATCH | SpiceJet passengers travelling from Delhi to Darbhanga (SG 476) had to wait inside an aircraft without air conditioning (AC) for over an hour amid the ongoing heatwave, with several feeling unwell. pic.twitter.com/cIj2Uu1SQT
— ANI (@ANI) June 19, 2024
സ്പൈസ് ജെറ്റിന്റെ SG 476 എന്ന വിമാനത്തിലായിരുന്നു സംഭവം. പുറത്ത് 40 ഡിഗ്രിയോളം താപനിലയുള്ള സമയത്താണ് വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് ദുരിതയാത്ര നേരിടേണ്ടി വന്നത്. പല യാത്രക്കാർക്കും ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതായും പരാതിയുണ്ട്.















