കണ്ണൂർ: എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ വിവാദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ? എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം.
വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ? ബോംബുകൾ ഇനിയും പൊട്ടാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് താൻ മാദ്ധ്യമങ്ങളെ കാണാമെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ 75 കാരനായ വേലായുധൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുധാകരൻ.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽ പാത്രം വേലായുധൻ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. വിഷയം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയാകുകയും പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കെ സുധാകരനോട് മാദ്ധ്യമങ്ങൾ പ്രതികരണമാരാഞ്ഞത്.















