പുരി: ഒഡീഷയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമം. പുരി ജഗന്നാഥ ക്ഷേത്രം രത്‌നഭണ്ഡാരം ജൂലൈ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജഗന്നാഥ ക്ഷേത്ര ഘോഷയാത്രയുടെ പിറ്റേന്ന് ജൂലൈ എട്ടിന് രത്‌നഭണ്ഡാരം തുറക്കാനാണ് ഇന്ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ തീരുമാനമായത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സൂപ്രണ്ട് ഡി ബി ഗാർനായക് ആണ് തീരുമാനം അറിയിച്ചത്. 2018ലെ റിപ്പോർട്ടിന്റെയും ലേസർ സ്കാനിങ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് രത്നഭണ്ഡാരം തുറക്കുന്നത്. മഹാപ്രഭു പുരി ജഗന്നാഥന്റെ ആഭരണങ്ങളുടെ എണ്ണം ജെംസ് കമ്മിറ്റി പരിശോധിക്കും.

ജഗന്നാഥ ക്ഷേത്ര രഥയാത്രയുടെ ദിവസമാണ് ജൂലൈ 7 . അതിന്റെ അടുത്ത ദിവസം അതായത് ജൂലൈ 8 ന് തുറക്കാനാണ് നിലവിലെ തീരുമാനം. രത്‌ന ഭണ്ഡാരം തുറക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ പ്രത്യേക സംഘം രത്നങ്ങളുടെ അവസ്ഥ സൂക്ഷ്മമായി പരിശോധിക്കും. രത്‌നഭണ്ഡാറിന്റെ പുറംഭിത്തിയുടെ ലേസർ സ്കാനിംഗിൽ വിള്ളലുകളും വെള്ളം ഒഴുകി എത്താനുള്ള സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കും.
ക്ഷേത്രത്തിനുള്ളിൽ സുരക്ഷ ശക്തമാക്കും. 2 ഡിഎസ്പിമാർ, 4 ഇൻസ്പെക്ടർമാർ, 6 സബ് ഇൻസ്പെക്ടർമാർ എന്നിവരെ നിയോഗിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കും. ഒരു ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെയും രണ്ട് അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്ററെയും ഡെപ്യൂട്ടേഷനിൽ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റർ ബിർ വിക്രം പറഞ്ഞു.

ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന് രണ്ട് അറകളുണ്ട്.അപൂർവ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വിലയേറിയ ആഭരണങ്ങൾ അകത്തെ അറയിലാണ് സൂക്ഷിക്കുന്നത്. അതേസമയം ദൈനംദിന ആചാരങ്ങളിലും പ്രത്യേക ഉത്സവങ്ങളിലും ആവശ്യമായ ആഭരണങ്ങൾ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പുറത്തെ അറയിൽ സൂക്ഷിച്ചിരിക്കുന്നു.
ചരിത്രരേഖകൾ പ്രകാരം അകത്തെ അറ അവസാനമായി തുറന്നത് ഏകദേശം 39 വർഷം മുമ്പ്, 1985 ജൂലൈ 14 നാണ്. ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലയേറിയ ആഭരണങ്ങളുടെ കണക്കെടുപ്പ് 1978ലാണ് അവസാനമായി നടത്തിയത്. 1978-ൽ മുഖ്യമന്ത്രി നിലാമണി റൗത്രയും നിയമമന്ത്രി ബിശ്വഭൂഷൺ ഹരിചന്ദനും അധികാരത്തിലിരുന്നപ്പോൾ രത്നഭണ്ഡാരത്തിലെ വിവിധ വസ്തുക്കളുടെ പരിശോധനയും കണക്കെടുപ്പും നടത്തി. അന്നത്തെ ഗവർണറായിരുന്ന ഭഗവത് ദയാൽ ശർമ ഒരു ക്ഷേത്ര പുനരുദ്ധാരണ സമിതിക്ക് രൂപം നൽകി, അതിന്റെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.

ജൂൺ 16-ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ലോകപ്രശസ്ത രഥയാത്ര 2024-ന്റെ ഒരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം നടത്തി. നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനും യോഗത്തിൽ പങ്കെടുത്തു.















