ന്യൂഡൽഹി: നെല്ലിന് താങ്ങുവില കിലോയ്ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ നിരക്ക് അനുസരിച്ച് ഒരു ക്വിന്റൽ നെല്ലിന് 2300 രൂപയാണ് താങ്ങുവില. മുൻ വർഷത്തെക്കാൾ 117 രൂപയാണ് വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നെല്ല് ഉൾപ്പെടെ 14 ഖാരിഫ് സീസൺ വിളകളുടെ ഈ സീസണിലേക്കുളള താങ്ങുവിലയാണ് സർക്കാർ പ്രഖ്യാപിച്ചത്. റാഗി, ബജ്‌റ, മെയ്‌സ്, പരുത്തി തുടങ്ങിയ വിളകളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചില പ്രധാന തീരുമാനങ്ങളെടുത്തുവെന്ന് പറഞ്ഞാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പുതിയ തീരുമാനം നിലവിൽ വരുന്നതോടെ കർഷകർക്ക് 2 ലക്ഷം കോടി രൂപയാണ് താങ്ങുവിലയായി ലഭിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 35,000 കോടി രൂപ അധികമാണ് ഈ തുകയെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ മുടക്കുമുതലിന്റെ 50 ശതമാനത്തിലധികം അവരുടെ കൈകളിൽ തിരിച്ചെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു. എണ്ണക്കുരുവിനും ധാന്യങ്ങൾക്കുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കിസാൻ സമ്മാൻ നിധിയുടെ 17 ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നെല്ല് ഉൾപ്പെടെയുളള വിളകളുടെ താങ്ങുവിലയും സർക്കാർ ഉയർത്തിയത്. കർഷകരും യുവാക്കളുമൊക്കെ വികസിത ഭാരതത്തിന്റെ നെടുംതൂണുകളാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കിസാൻ സമ്മാൻ നിധിയുടെ വിതരണോദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇത് ശരിവെക്കുന്ന തീരുമാനമാണ് കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടതും.















