എസ്‌യുവി സി3 എയർക്രോസിന്റെ പ്രത്യേക പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോയിൻ. ക്രിക്കറ്റ് താരവും കമ്പനിയുടെ ബ്രാൻഡ് അംബാസഡറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് വാഹനം പുറത്തിറങ്ങുക. പുതിയതായി അവതരിപ്പിച്ച ഈ പ്രത്യേക പതിപ്പിന് “ധോണി എഡിഷൻ” എന്നാണ് പേരിട്ടിരിക്കുന്നത്. 11.82 ലക്ഷം രൂപ മുതലാണ് ധോണി എഡിഷൻ സി3 എയർക്രോസിന്റെ എക്‌സ് ഷോറൂം വില.
സി3 എയർക്രോസിന്റെ100 യൂണിറ്റുകൾ മാത്രമാണ് കമ്പനി പുറത്തിറക്കുക. മുൻകൂട്ടി ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് വാഹനം ലഭിക്കും. പ്രതിരോധശേഷി, നേതൃത്വം, മികവ് എന്നിവയിൽ വാഹനം ധോണിക്ക് സമാനമാണെന്നും താരത്തിന്റെ ഐതിഹാസിക യാത്രയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പിന് ധോണി എഡിഷൻ എന്ന് പേര് നൽകിയിരിക്കുന്നതെന്നും കമ്പനി പറഞ്ഞു.
ധോണി എഡിഷൻ C3 എയർക്രോസിൽ ആകർഷണം തോന്നുന്ന നിരവധി ആക്‌സസറികളും ഡിസൈൻ ഘടകങ്ങളും ഉണ്ട്. ധോണി ഡീക്കലുകൾ, കളർ കോർഡിനേറ്റഡ് സീറ്റ് കവറുകൾ, കുഷ്യൻ തലയിണകൾ, സീറ്റ് ബെൽറ്റ് കുഷ്യൻസ്, ഇല്യൂമിനേറ്റഡ് സിൽ പ്ലേറ്റുകൾ, ഫ്രണ്ട് ഡാഷ്‌ക്യാം എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ഈ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾക്ക് പുറമേ, വാഹനം സ്വന്തമാക്കുന്ന ഒരു ധോണി ആരാധകന് സർപ്രൈസും കമ്പനി ഒരുക്കി വെച്ചിട്ടുണ്ട്. പുറത്തിറക്കുന്ന 100 യൂണിറ്റുകളിൽ ഒന്നിൽ ധോണി തന്നെ ഒപ്പിട്ട ഒരു പ്രത്യേക കയ്യുറ ഉണ്ടായിരിക്കും. ഇത് ഉപഭോക്താവിനെ അത്ഭുതപ്പെടുത്തുമെന്നും കമ്പനി പറയുന്നു. ഫ്രഞ്ച് കാർ നിർമ്മാതാക്കളുടെ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിന് കീഴിലുള്ള മൂന്നാമത്തെ ഉൽപ്പന്നമാണ് C3 എയർക്രോസ്.