ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി 2870 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. റൺവേയുടെയും പുതിയ ടെർമിനൽ കെട്ടിടത്തിന്റെയും നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും. ഊർജ്ജ ഉപഭോഗം പരമാവധി കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഹരിത വിമാനത്താവളമായിട്ടാകും ഇത് വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 3.9 ദശലക്ഷം ആൾക്കാരിൽ നിന്ന് 9 .9 ദശലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 75000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ വിമാനത്താവളം വർഷത്തിൽ 6 ദശലക്ഷം ആൾക്കാരെ ഉൾക്കൊള്ളാനും തിരക്കേറിയ മണിക്കൂറുകളിൽ 5000 പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും. നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും വിമാനത്താവളത്തിൽ പ്രതിധ്വനിക്കും.
റൺവേയുടെ അളവ് 4075m x 45m ആക്കി വിപുലീകരിക്കും. 20 വിമാനങ്ങൾ വരെ പാർക്ക് ചെയ്യാവുന്ന സൗകര്യവും ഉൾപ്പെടെയുളള വികസന പദ്ധതികളാണ് പരിഗണനയിൽ ഉളളത്. മഹാരാഷ്‌ട്രയിലെ ദഹാനുവിന് സമീപം വധാവനിൽ പുതിയ തുറമുഖം നിർമിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.















