എറണാകുളം: ഇടുക്കി കളക്ടർ ഷീബാ ജോർജിനെ മാറ്റാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലും പട്ടയവിതരണവും ഉൾപ്പെടെയുള്ള നടപടികളിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന കർശന നിർദേശത്തോടെയാണ് കോടതിയുടെ അനുമതി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടുക്കി കളക്ടർ ഷീബാ ജോർജിനെ സ്ഥലം മാറ്റുന്നതിന് സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ, കയ്യേറ്റം ഒഴിപ്പിക്കൽ നടക്കുന്നതിനാൽ കളക്ടറെ മാറ്റരുതെന്ന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ കളക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തളളിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞായിരുന്നു നീക്കം. എന്നാൽ ഷീബ ജോർജ്ജിനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെ സർക്കാർ പ്രതിക്കൂട്ടിലായി. തുടർന്നാണ് ആവശ്യം നിരസിച്ച കോടതി ചീഫ് സെക്രട്ടറി നൽകിയ ഹർജി പിൻവലിച്ചില്ലെങ്കിൽ തളളുമെന്ന മുന്നറിയിപ്പ് നൽകിയത്.
കളക്ടറെ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കൽ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും കോടതി അന്ന് പ്രകടിപ്പിച്ചിരുന്നു. സിപിഐയുടെ വകുപ്പ് മന്ത്രിയുടെ പിന്തുണയോടെ സിപിഎമ്മിന് താൽപര്യമുളള കൈയ്യേറ്റമേഖലകളിൽ കർശന നടപടി സ്വീകരിച്ചതാണ് കളക്ടറിനോട് സിപിഎം ഇടയാൻ കാരണം.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ വീണ്ടും കളക്ടറെ മാറ്റുന്നതിന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. =കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടരണമെന്നും കളക്ടറെ മാറ്റുമ്പോൾ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.















