യൂറോയിൽ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഹംഗറിയെ മുട്ടുക്കുത്തിച്ച് ആതിഥേയരായ ജർമ്മനി.നോക്കൗട്ടിലേക്ക് കടക്കുന്ന ആദ്യ ടീമുമായി. 22-ാം മിനിട്ടിൽ ജമാൽ മൂസിയാളയും 67-ാം മിനിട്ടിൽ നായകൻ ഗുണ്ടോഗനുമാണ് ഹംഗറി വല ചലിപ്പിച്ചത്. തുടർച്ചയായ രണ്ടു മത്സരങ്ങളിലെ വിജയം അവരെ ഗ്രൂപ്പിൽ തലപ്പത്ത് തന്നെ നിലനിർത്തി. തോൽവിയോടെ ഹംഗറിയുടെ നോക്കൗട്ട് സാധ്യതകൾ മങ്ങി. ം
ഹംഗറിയുടെ പ്രതിരോധ പിഴവിൽ നിന്ന് വീണുകിട്ടയ പന്ത് ഗുണ്ടോഗൻ മൂസിയാളയ്‌ക്ക് മറിച്ചു നൽകുകയായിരുന്നു. സെക്കന്റുകൾക്കുള്ളിൽ പന്ത് വലയിലാക്കി പത്താം നമ്പറുകാരൻ ജർമ്മനിക്ക് ലീഡ് നൽകി. ഒപ്പമെത്താൻ ഹംഗറി കിണഞ്ഞ് ശ്രമിച്ചെങ്കിലും റൂഡിഗറും ജെനാഥൻ ടാറ്റയും അടങ്ങുന്ന പ്രതിരോധം ഉറച്ചു നിന്നത് വെല്ലുവിളിയായി. ഇതിനിടെ പല നല്ല അവസരങ്ങളും ഹംഗറി തുലച്ചുകളഞ്ഞു.
ആദ്യ പകുതിയുടെ അധിക സമയത്ത് സല്ലായ് ഒരു റീബൗണ്ട് പന്ത് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 60-ാം മിനിട്ടിലും ഹംഗറി ഒരു ഹെഡ്ഡറിലൂടെ ജർമനിയെ വിറപ്പിച്ചെങ്കിലും പന്ത് പോസ്റ്റിനെ തൊട്ടുരുമി പുറത്തു പോവുകയായിരുന്നു. 67-ാം മിനിട്ടിൽ മാക്സിമിലിയന്റെ പന്ത് സ്വീകരിച്ച ഗുണ്ടോഗനെ ബോക്സിൽ മാർക്ക് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ഒരു ഇടംകാൽ ഗ്രൗണ്ടറിലൂടെ താരം ജർമനിയുടെ ഗോൾ പട്ടിക തികയ്‌ക്കുകയായിരുന്നു.