തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസുകൾ തടഞ്ഞു. അർദ്ധ രാത്രിയോടെ തമിഴ്‌നാട് നാഗർകോവിലിന് സമീപമാണ് ബസുകൾ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. വാഹനങ്ങളിലെ യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. വൺ ഇന്ത്യ വൺ ടാക്സിനെ ചൊല്ലിയുളള തർക്കത്തിന്റെ പേരിലാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
കേരളത്തിൽ നിന്നുള്ള ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും മറ്റ് ഏതെങ്കിലും ബസുകളിൽ – തമിഴ്നാട് ബസുകളിൽ യാത്ര തുടരണമെന്നുമായിരുന്നു ആവശ്യം. പരീക്ഷകൾ എഴുതേണ്ട കോളേജ് വിദ്യാർത്ഥികളടക്കമുള്ളവരാണ് ബസിലുണ്ടായിരുന്നത്.
തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഇരട്ടി നികുതി നൽകണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നിയമം. വൺ ഇന്ത്യ വൺ ടാക്‌സ് പ്രകാരം നികുതി അടയ്‌ക്കുന്നുണ്ടെങ്കിലും ഇത് പരിഗണിക്കുന്നില്ലെന്നും ബസ് ഉടമകൾ പറയുന്നു. നികുതിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാൽ ബസുകളിൽ പലതും സർവ്വീസുകൾ നിർത്തിവെച്ചിട്ടുമുണ്ടെന്നാണ് വിവരം.















