ന്യൂഡൽഹി: 2024- 25 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസം രാജ്യത്ത് നിർമിച്ചത് 1,288 കിലോമീറ്റർ ദേശീയപാത. ഏപ്രിൽ 1 നും മെയ് 31 നും ഇടയിലുള്ള 61 ദിവസത്തെ കണക്കാണിത്. രാജ്യത്ത് പ്രതിദിനം ശരാശരി 21 കിലോമീറ്ററിലധികം ഹൈവേ നിർമാണം നടന്നതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 57,925 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
സാധാരണഗതിയിൽ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഹൈവേ നിർമ്മാണം വേഗത കൈവരിക്കുന്നത്. ജൂൺ അവസാനത്തോടെ മൺസൂൺ ശക്തി പ്രാപിക്കുന്നതോടെ മന്ദഗതിയിലാകും. പിന്നീട് നവംബർ മുതൽ മാർച്ച് വരെയുള്ള കാലേയളവിലാണ് നിർമാണം വീണ്ടും വേഗത്തിലാകുന്നത്.
2023-24 സാമ്പത്തിക വർഷം ഒക്ടോബർ വരെ പ്രതിദിനം 21 കിലോമീറ്ററായിരുന്നു ദേശീയപാത നിർമാണത്തിന്റെ വേഗത. മാർച്ച് മാസത്തോടെ ഇത് 34 കിലോമീറ്ററായി ഉയർന്നു. 2023-24 ൽ ആകെ 12,349 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്ത് പൂർത്തിയായത്.
2023-24 സാമ്പത്തിക വർഷം മൂന്ന് ലക്ഷം കോടിയാണ് ദേശീയപാതയ്‌ക്കായി വിനിയോഗിച്ചത്. ഇത് 2022-23ലെ 2.41 ലക്ഷം കോടി രൂപയിൽ നിന്ന് 25% കൂടുതലാണ്. 2023-24 ൽ കൈവരിച്ച റോഡ് നിർമാണത്തിന്റെ വേഗത മന്ത്രാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെതായിരുന്നു. 2020-21ൽ കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് . ഏറ്റവും കുടുതൽ റോഡ് നിർമാണം നടന്നത്. 13,327 കിലോമീറ്റർ പാതയാണ് അന്ന് പൂർത്തിയായത്.















