കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ദിഘയിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്രം ഉടൻ ഭക്തർക്കായി തുറന്ന് നൽകും . ക്ഷേത്രത്തിന്റെ അന്തിമ മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത് . 25 ഏക്കർ സ്ഥലത്ത് സജ്ജീകരിച്ച ക്ഷേത്രത്തിന് 200 കോടിയാണ് ചിലവ്.
മുൻ ചീഫ് സെക്രട്ടറിയും ഹിഡ്‌കോ വൈസ് ചെയർമാനുമായ എച്ച്‌കെ ദ്വിവേദി, ഈസ്റ്റ് മിഡ്‌നാപൂർ ജില്ലാ മജിസ്‌ട്രേറ്റ് പൂർണേന്ദു മാജി, ദിഘ ശങ്കർപൂരിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയിരുന്നു.ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രഥയാത്ര നടക്കുന്ന ദിവസം തന്നെ നടത്താനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ജഗന്നാഥൻ, ബലറാം, സുഭദ്ര എന്നിവരുടെ വെണ്ണക്കല്ലിൽ തീർത്ത വിഗ്രഹങ്ങളാണ് പ്രതിഷ്ഠിക്കുക. പുരി ക്ഷേത്രത്തിന് തുല്യമായ രീതിയിൽ അതേ ദിവസം രഥയാത്രയും നടത്തും .
ഒഡീഷ അതിർത്തിയോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദിഘ . ക്ഷേത്രം സ്ഥാപിക്കാൻ ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരുന്നത് .















