ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച രാവിലെ വിയറ്റ്നാമിൽ എത്തി. ഉത്തര കൊറിയയുമായുള്ള ഒരു പ്രതിരോധ കരാറിന് അന്തിമരൂപം നൽകിയതിന് ശേഷം അദ്ദേഹത്തിന്റെ ദ്വിരാഷ്‌ട്ര ഏഷ്യൻ പര്യടനത്തിന്റെ അവസാനഘട്ടത്തിലാണ് വിയറ്റ്നാം സന്ദർശിക്കുന്നത്.
ഹാനോയി വിമാനത്താവളത്തിൽ എത്തിയ വ്ളാഡിമിർ പുടിനെ വിയറ്റ്നാമീസ് ഉപപ്രധാനമന്ത്രി ട്രാൻ ഹോങ് ഹായും പാർട്ടിയുടെ ഉന്നത നയതന്ത്രജ്ഞൻ ലെ ഹോയ് ട്രംഗും ചേർന്ന് ചുവന്ന പരവതാനി വിരിച്ച് (Red Carpet Reception) സ്വീകരിച്ചു. യുക്രെയിനിൽ നടക്കുന്ന സൈനിക നടപടിയിൽ “പ്രതിസന്ധി പരിഹരിക്കാനുള്ള പ്രായോഗിക മാർഗം” അവതരിപ്പിച്ചതിന് തെക്കുകിഴക്കൻ ഏഷ്യൻ കമ്മ്യൂണിസ്റ്റ് രാജ്യമായ രാജ്യമായ വിയറ്റ്നാമിനെ പുടിൻ അഭിനന്ദിച്ചു.
“മുള നയതന്ത്രം”(“Bamboo Diplomacy”) എന്നറിയപ്പെടുന്ന ഒരു നിഷ്പക്ഷ വിദേശ നയം നിലനിർത്തുന്ന വിയറ്റ്നാം, ഉക്രെയ്നിലെ റഷ്യയുടെ നടപടികളെ അപലപിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.
മെയ് മാസത്തിൽ തന്റെ അഞ്ചാം ടേം ആരംഭിച്ചതിന് ശേഷം ചൈനയിലേക്കും ഉത്തരകൊറിയയിലേക്കും നടത്തിയ യാത്രകൾക്ക് പിന്നാലെ പുടിൻ സന്ദർശിക്കുന്ന മൂന്നാമത്തെ രാജ്യമാണ് വിയറ്റ്നാം.
തന്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, പ്രതിരോധം, ഊർജം, വ്യാപാരം, ഉഭയകക്ഷി പേയ്‌മെൻ്റ് എന്നിവയിലെ സഹകരണത്തിലൂന്നിയ കരാറുകൾക്ക് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
24 വർഷത്തിനു ശേഷമുള്ള ആദ്യ ഉത്തരകൊറിയ സന്ദർശനത്തിനായി പുടിൻ ബുധനാഴ്ച പുലർച്ചെ പ്യോങ്‌യാങ്ങിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് വിയറ്റ്നാമിൽ എത്തിയത് .